സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് പവന് 2160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.
അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ് 66,000നു താഴെയിറങ്ങിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ഇന്ന് റോക്കറ്റ് കുതിപ്പിലേക്ക് എത്തിയത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇക്കഴിഞ്ഞ വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില താഴേക്ക് പതിക്കുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.