ആലപ്പുഴ: ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ. കണ്ണൂർ സ്വദേശിനിയും ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയുമായ ക്രിസ്റ്റീന എന്ന് തസ്ലീമ സുൽത്താന, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് എക്സൈസ് പിടികൂടിയത്.
സെക്സ് റാക്കറ്റ് കേസിൽ ഒരു തവണ പിടിയിൽ ആയ തസ്ലീമയ്ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറയുന്നു. മലയാള സിനിമയിലെ രണ്ട് യുവനടൻമാര്‍ക്ക് കഞ്ചാവുൾപ്പടെ ലഹരി വസ്തുക്കൾ പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തി. സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയിൽ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.