ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യൽ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാൽ അത്തരത്തിൽ പ്രചാരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.
നിലവിലെ സമയക്രമം
ഐ ആർ സി ടി സിയുടെ ഔദ്യോഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.