അപകടം സംഭവിച്ച് വർഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകളുടെ മനസിൽ ഉള്ളുലയ്ക്കുന്ന ഓർമയാണ് ടൈറ്റാനിക് ദുരന്തം. ആദ്യ യാത്രയിൽ തന്നെ ആഡംബരകപ്പൽ ടൈറ്റാനിക് തകർന്നിട്ട് 113 വർഷം. ആയിരത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ട അപകടം ഇന്നും നിഗൂഢവും അതിലേറെ കൗതുകവും നിറഞ്ഞതാണ്. അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത അദ്ഭുതം, സ്വപ്നങ്ങളുടെ കപ്പൽ, അത്യാഡംബരത്തിന്‍റെ അവസാനവാക്കായി നീറ്റിലിറങ്ങി ദുരന്തത്തിന്‍റെ പര്യായമായി മാറിയ കപ്പൽ എന്നൊക്കെയാണ് ലോകം ടൈറ്റാനിക്കിനെ വിശേഷിപ്പിക്കുന്നത്. ഭീമാകാരമായതെന്നാണ് ടൈറ്റാനിക്കെന്നതിന്റെ അർത്ഥം. ഒരിക്കലും മുങ്ങില്ലെന്ന് അവകാശപ്പെട്ട് നീറ്റിലിറക്കിയ കപ്പൽ ആദ്യ യാത്രയിൽ തന്നെ മുങ്ങി. 1912 ഏപ്രിൽ 14 നാണ് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയത്, പിറ്റേന്ന് കപ്പൽ പൂർണമായി വെളളത്തിനടിയിലായി.മുങ്ങിപ്പോകാത്ത തരത്തിലാണ് നിർമാണമെന്നായിരുന്നു കമ്പനിയുടെ വാദം. കപ്പൽ തകർന്നാൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കുന്ന 16 വട്ടർടൈറ്റ് കംപാട്ട്മെന്റുകൾ കപ്പലിൽ ഉണ്ടായിരുന്നു, പക്ഷെ മഞ്ഞുമലയിൽ ഇടിച്ചതോടെ അവയും തകർന്ന് വെള്ളം അകത്തെത്തി. കപ്പൽ നെടുകെ പിളർന്നു. അമിത ആത്മവിശ്വാസം കാരണം ആവശ്യത്തിന് ലൈഫ് ബോട്ടുകളുണ്ടായിരുന്നില്ല. 3320 പേർക്കായി 20 ബോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. അതും മരണ സംഖ്യ ഉയരാൻ കാരണമായി. മോഴ്സ് കോഡുപയോഗിച്ച് അയച്ച മുന്നറിയിപ്പ് സന്ദേശം കൃത്യമായി ലഭിക്കാതിരുന്നതും അപകട കാരണമാണ്. 113 വർഷങ്ങള്‍ പിന്നിട്ടിട്ടും ടൈറ്റാനിക് ലോകത്തിന് അപൂർവമായ അത്ഭുതമാണ്. കടലിനടിയിലെ കപ്പലിന്‍റെ തകർന്ന ഭാഗങ്ങള്‍ കാണാൻ ആളുകള്‍ ഇന്നും ശ്രമിക്കുന്നതിന് കാരണവും അതാണ്. ജാക്കിന്‍റെയും റോസിന്‍റെയും പ്രണയകഥയും കൂടി ഉള്ളിടത്തോളം കാലമത്ര കഴിഞ്ഞാലും ടൈറ്റാനിക് മനുഷ്യനെ ആകർഷിച്ചുകൊണ്ടിരിക്കുന്നു