*സ്വകാര്യബസിന് പിന്നിൽ ഉടമയുടെയും RTO-യുടെയും ഫോൺനമ്പർ പതിക്കും, ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ്'*

മോട്ടോർവാഹന വകുപ്പ് ഓഫീസുകളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാനും പ്രവർത്തനം കുറ്റമറ്റതാക്കാനും അഴിമതിയില്ലാതാക്കാനും ഓഫീസുകളിലെത്തി ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം നേരിട്ടു പരിശോധന നടത്തിവരികയാണ്.

:വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് നീണ്ട നിരയും മണിക്കൂറുകളോളമുള്ള കാത്തിരിപ്പുമില്ലാതാക്കാൻ പരിഷ്കാരനടപടിയുണ്ടോ?

= ഇനി റോഡരികിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് നീണ്ട നിര കാണില്ല. ഓരോ ജില്ലയിലും രണ്ടുവീതം ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വരും. ഡ്രൈവിങ് ടെസ്റ്റിന് അക്രഡിറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററുകൾ തുടങ്ങും. ഒരുമാസത്തിനകം സെന്ററുകൾ സ്ഥാപിക്കാൻ അനുമതിക്കായി അപേക്ഷ ക്ഷണിക്കും. ഓരോ ജോയിന്റ് ആർടിഒ ഓഫീസുകൾക്കു കീഴിലും ഓരോ സെന്ററുകൾ ആരംഭിക്കും.

: പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന അനധികൃതകേന്ദ്രങ്ങൾ പെരുകുകയും മോഷ്ടിച്ച വാഹനങ്ങൾ പലതും പൊളിച്ചു വിൽക്കുന്നത് വ്യാപകമാകുകയുമാണല്ലോ. ഇതു തടയാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ?

= 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാൻ സർക്കാർ അംഗീകാരമുള്ള സ്ക്രാപ്പിങ് യൂണിറ്റുകൾ ഉടൻ ആരംഭിക്കും. കേരളത്തിൽ മൂന്നു മേഖലകളിലായിട്ടാണ് യൂണിറ്റുകൾ തുടങ്ങുക. ഇവിടെ പൊളിച്ച വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ റോഡ് നികുതിയിൽ 15 ശതമാനം ഇളവുനൽകും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 20 ശതമാനം ഇളവുംനൽകും.

: ഡ്രൈവർമാർ, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാർ, മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്കായി ശാസ്ത്രീയ പരിശീലനപരിപാടികൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ (ഐഡിടിആർ) സേവനം ലഭിക്കാൻ ഏറെദൂരം യാത്രചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോ?

= ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ എക്സറ്റൻഷൻ സെന്ററുകൾ കേരളത്തിലുടനീളം തുടങ്ങും.

: ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ചെയ്യാനുള്ള ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ചാർജിങ് സ്റ്റേഷനുകൾ പലതും വൈദ്യുതി ലഭിക്കാതെയും അനുമതി ലഭിക്കാതെയും കിടക്കുന്നതിന് പരിഹാരം കാണുമോ?

= ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ചെയ്യാനുള്ള സ്റ്റേഷനുകൾ കേരളത്തിൽ 35 എണ്ണമാണ് ആരംഭിക്കാൻ തീരുമാനിച്ചത്. അതിൽ 14 എണ്ണത്തിന് സ്ഥാപിക്കാൻ വേണ്ട അനുമതി ലഭിച്ചിട്ടില്ല. ഒരുമാസത്തിനകം അനുമതി ലഭ്യമാകും.

: അമിതവേഗതയിലും അശ്രദ്ധയോടും കൂടി ബസുകൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തി നിയമത്തിനുമുൻപിൽ കൊണ്ടുവരാൻ പുതിയ മാർഗം വല്ലതുമുണ്ടോ?

= സ്വകാര്യ ബസിന് പിറകിൽ ബസ് ഉടമയുടെയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുള്ള സ്റ്റിക്കർ പതിക്കും. ഈ മാസം അവസാനം ഇത് നടപ്പിൽവരും. ബസ് ഡ്രൈവർമാർ, ക്ലീനർമാർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. മാർച്ച് 31-നുള്ളിൽ സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കും. സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കും.

: പല റൂട്ടുകളിലും യാത്രക്കാർ ബസ് കിട്ടാതെ പ്രയാസപ്പെടുന്നുവെന്ന പരാതിയുണ്ടല്ലോ?

= ബസ് ഓടാത്ത സ്ഥലങ്ങളിൽ മിനി ബസുകൾ ഓടിക്കാൻ പുതുതായി 503 പെർമിറ്റുകൾ അനുവദിക്കും