റോഡിൽ നിരത്തിയിരുന്ന വീപ്പയിൽ സ്കൂട്ടറിടിച്ച്‌ മറിഞ്ഞ് മകനോടൊപ്പം സഞ്ചരിച്ച അമ്മ മരിച്ചു

പൂന്തുറ : റോഡിൽ നിരത്തിയിരുന്ന വീപ്പയിൽ സ്കൂട്ടറിടിച്ച്‌ മറിഞ്ഞ് മകനോടൊപ്പം സഞ്ചരിച്ച അമ്മ മരിച്ചു. വെള്ളാർ കിഴക്കേവിളാകം എ.എസ്. നിവാസിൽ സുമ(50)യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 3.50-ഓടെ കുമരിച്ചന്ത-തിരുവല്ലം ബൈപ്പാസിൽ പുതുക്കാട് കല്യാണമണ്ഡപത്തിനു സമീപമായിരുന്നു അപകടം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിർമാല്യംതൊഴാൻ വെള്ളാറിൽനിന്ന് മകനോടൊപ്പം സ്കൂട്ടറിൽ പോയതാണ് സുമ.

കുമരിച്ചന്ത-തിരുവല്ലം ഭാഗത്ത് ടാറിടുന്നതിന്റെ ഭാഗമായി റിഫ്ളക്ടർ പതിപ്പിച്ച വീപ്പകൾ റോഡിന്റെ മധ്യഭാഗത്ത് നിരത്തിയിരുന്നു. എന്നാൽ ഇരുട്ടിൽ റോഡിലുണ്ടായിരുന്ന വീപ്പ കണ്ടില്ലെന്ന് സ്കൂട്ടറോടിച്ചിരുന്ന അഭിരാജ് പറഞ്ഞു. സുമയുടെ തല റോഡിൽ ഇടിച്ചാണ് പരിക്കേറ്റത്. തുടർന്ന് ഓട്ടോറിക്ഷയിൽക്കയറ്റി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭർത്താവ് എസ്. അജയൻ. അരുൺ മറ്റൊരു മകനാണ്. മരുമകൾ സാന്ദ്രാസെബാസ്റ്റ്യൻ. പൂന്തുറ പോലീസ് കേസെടുത്തു.