വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവം: മകളുടെ ഭർത്താവ് അറസ്റ്റിൽ

കുളത്തൂർ: ഇൻഫോസിസിന് സമീപം വീട്ടിലെ കാർ ഷെഡിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ്(38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വെളുപ്പിനാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സെെക്കിളും കത്തിനശിച്ചു. ഉടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്റേതാണ് കത്തിനശിച്ച ഇന്നോവ കാർ. രാകേഷിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ പ്രതിയെ പ്രേരിപ്പിച്ചത്. ഏതാനും വർഷം മുമ്പ് ഇയാളെ അറിയിക്കാതെ ഇയാളുടെ ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടി പോയിരുന്നു. സംഭവദിവസം രാത്രി 2മണിയോടെ സ്ഥലത്തെത്തിയ പ്രതി റോഡിൽ നിന്ന് വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ചശേഷം പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സ്ഥലത്തെ സി.സി.ടി.വികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവ ദിവസം രാത്രി വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവമറിയുന്നത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.