തിരുവനന്തപുരം : ബുധനാഴ്ച തോറ്റംപാട്ടിലൂടെ ഉത്സവം തുടങ്ങിയ ആറ്റുകാൽ ഭഗവതിക്ഷേത്രം ഭക്തരുടെ ദർശനത്തിരക്കിൽ അമർന്നു. നേർച്ചക്കാരായ കുട്ടികളുടെ കുത്തിയോട്ടവ്രതാരംഭം വെള്ളിയാഴ്ച തുടങ്ങും. തന്ത്രിക്കു മുന്നിൽ വെള്ളിപ്പലകയിൽ നാണയംവെച്ച് കുട്ടികൾ വ്രതംനോൽക്കാൻ തുടങ്ങും. പിന്നീട് ആചാരപൂർവമായ നമസ്കാരം നടത്തും. ഭക്തർക്കൊപ്പം നേർച്ചയുള്ള കുട്ടികളും ബന്ധുക്കളും ക്ഷേത്രത്തിലെത്തുമ്പോൾ ഇരട്ടിത്തിരക്ക് അനുഭവപ്പെടും. ഭക്തർക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് വ്യാഴാഴ്ച തോറ്റംപാട്ടുകാർ പാടിയത്. ആടകൾ ചാർത്തിയ ദേവിയുടെ വിഗ്രഹവർണനയായിരുന്നു കഥാഭാഗം. വെള്ളിയാഴ്ച കോവലനും കണ്ണകിയുമായുള്ള വിവാഹത്തിന്റെ വർണന പാടിപ്പുകഴ്ത്തും. മാലപ്പുറം പാട്ടെന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിയിക്കാനും ദർശനത്തിനും ഭക്തജനത്തിരക്കു വർധിച്ചു. അന്നദാനം, വിവിധ പൂജകൾ എന്നിവ നടത്തി ഭക്തർ ഭഗവതിയെ തൊഴുതുമടങ്ങി. പൊങ്കാലക്കലങ്ങളും പൊങ്കാലയ്ക്കുവേണ്ട വസ്തുക്കളും മുൻകൂട്ടി വാങ്ങാനുള്ള തിരക്കും വിപണിയിലുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പ്രത്യേക ഗ്രൗണ്ടുകൾ സജ്ജമാക്കി സിറ്റി പോലീസ്. സിറ്റി പോലീസ് നൽകുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ പാർക്കിങ്ങിനുള്ള സ്ഥലവും റൂട്ട് മാപ്പും ലഭിക്കും. സോഷ്യൽമീഡിയ വഴിയാണ് ക്യു.ആർ. കോഡ് വിവരങ്ങൾ നൽകുക. 12, 13 തീയതികളിലാണ് പാർക്കിങ്ങിനു സൗകര്യം ഒരുക്കിയിട്ടുള്ളത്.