ആർഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കും. അഫാൻ കൊലപ്പെടുത്തിയ ലത്തീഫിന്‍റെ എസ്‍എൻ പുരത്തെ വീട്ടിലാണ് തെളിവെടുപ്പ് നടക്കുക. ലത്തീഫിനെ കൊലപ്പെടുത്തിയതിന്‍റെ കാരണവും അഫാൻ വെളിപ്പെടുത്തി. ആര്‍ഭാട ജീവിതം കാരണമാണ് കടം കയറിയതെന്ന് ലത്തീഫ് പറഞ്ഞതിൽ മനംനൊന്താണ് കൊലപ്പെടുത്തിയതെന്നാണ് അഫാന്‍റെ മൊഴി.തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാൻ കൊലപ്പെടുത്തിയ ലത്തീഫിന്‍റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്‍റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുത്തുവാക്കുകളിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നു. അഫാന്‍റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്‍റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.ഇതുകണ്ട ലത്തീഫിന്‍റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്‍റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നൽകി. ഇന്ന് നടക്കുന്ന തെളിവെടുപ്പിൽ ലത്തീഫിന്‍റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഫാനെ അൽപ്പസമയത്തിനകം തെളിവെടുപ്പിനായി എസ്എൻ പുരത്തെ ലത്തീഫിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും