തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി നെഗറ്റീവ് സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ സ്യൂട്ട്’ സോഫ്‌റ്റ്‌വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും. ‘കെ സ്യൂട്ടും’ ‘സ്‌കോർ’ എന്ന സോഫ്‌റ്റ്‌വെയറുമായി ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസസ് (എപിഐ) എന്ന സാങ്കേതികവിദ്യയിലൂടെയാകും ഇത് പ്രാവർത്തികമാകുക. സമയപരിധിക്കുള്ളിൽ ഫയൽ തീർപ്പാക്കിയില്ലെങ്കിൽ ‘ഓട്ടോ എസ്‌കലേഷൻ’ വഴി ഫയൽഅയച്ച ഇടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോർ വീഴും. വാർഷിക പ്രകടന റിപ്പോർട്ടിൽ ഈ സ്‌കോർകൂടി ഉൾപ്പെടുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെയും ഇത് ബാധിക്കും.
സർക്കാർ ഓഫീസുകളിൽ നിലവിലുള്ള ‘ഇ ഓഫീസ്’ സോഫ്‌റ്റ്‌വെയറിനു ബദലായാണ് ‘കെ സ്യൂട്ട്’ അവതരണം. ഇ ഓഫീസ് വഴി ഫയൽ നീക്കം മാത്രമാണ് നടക്കുന്നത്. കെ സ്യൂട്ടിൽ ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റം (എച്ച്‌ആർഎംഎസ്), മീറ്റിങ് മാനേജ്‌മെന്റ് എന്നീ സേവനങ്ങളുമുണ്ട്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഏപ്രിലിൽ ഓട്ടോ എസ്‌കലേഷൻ കൂടി നടപ്പാക്കുമെന്ന് ഐകെഎം എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. കെ പി നൗഫൽ, അഡ്‌മിനിസ്‌ട്രേഷൻ കൺട്രോളർ പി എസ് ടിമ്പിൾ മാഗി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കെ സ്യൂട്ട് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത്.