പേരൂർക്കട : കുടപ്പനക്കുന്നിലെ മൂന്നിടങ്ങളിലായി ഒരേദിവസം രണ്ട് ഓട്ടോറിക്ഷയും പച്ചക്കറി വിൽക്കുന്ന തട്ടുകടയും കത്തിച്ച സംഭവത്തിൽ പ്രതിയെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കല്ലയം ചെട്ടിമുക്ക് കുഴിക്കാട് പുത്തൻവീട്ടിൽ രമേശ്(36) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണികഴിഞ്ഞാണ് സംഭവം.
കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2-എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു, പേരൂർക്കട ജയ്നഗർ-60 സരിതാ ഭവനിൽ സുധാകരൻ എന്നിവരുടെ ഓട്ടോറിക്ഷകളും കുടപ്പനക്കുന്ന് കൺകോർഡിയ സ്‌കൂളിനു പുറകുവശം ഉഷസ് വീട്ടിൽ താമസിക്കുന്ന കൃഷ്ണമ്മ, സ്‌കൂളിനു മുന്നിൽ റോഡരികിൽ നടത്തിയിരുന്ന പച്ചക്കറി വിൽപ്പന തട്ടുകടയുമാണ് പ്രതി തീയിട്ടു നശിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കല്ലയത്തെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി കൂലിപ്പണിക്കാരനാണെന്നും ബാഗിൽ പെട്രോളും കത്തിയുമായി രാത്രിയിറങ്ങി സഞ്ചരിക്കുന്നയാളാണെന്നും കഴിഞ്ഞമാസം ഒൻപതിന് കരകുളത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും നേരത്തേ നെടുമങ്ങാട് ഭാഗത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണെന്നും റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചന്ദ്രബാബുവിന്റെ ഓട്ടോയ്ക്കു തീപിടിച്ച സംഭവമറിഞ്ഞാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇവിടെനിന്നു തിരികെ പോകുമ്പോഴാണ് സ്‌കൂളിനുമുന്നിലെ പച്ചക്കറിക്കടയ്ക്കു തീപിടിച്ചത് സേനയുടെ ശ്രദ്ധയിൽപ്പെട്ടത്.
സ്ഥലത്തിറങ്ങി തീകെടുത്തി പോലീസിൽ വിവരം നൽകി യാത്ര തുടർന്നു. അപ്പോൾ സമയം ഏകദേശം പുലർച്ചെ 2.45ആയിരുന്നു. മൂന്നുമണിയോടെയാണ് പേരൂർക്കട-വഴയില റോഡരികിൽ ഓട്ടോ കത്തുന്നതു കണ്ടത്.
ഇവിടെയും തീ കെടുത്തി പേരൂർക്കട പോലീസിനെ വിവരമറിയിച്ചശേഷമാണ് അഗ്നിരക്ഷാസേന സ്ഥലത്തുനിന്നു പോയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സുധീഷ് ചന്ദ്രൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സനീഷ്, മഹേഷ്, സവിൻ, ഹോംഗാർഡ് രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരേദിവസം പുലർച്ചെ മൂന്നിടത്തുനടന്ന തീപ്പിടിത്തങ്ങൾ നിയന്ത്രിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യാനുള്ള ശ്രമം തുടങ്ങി.