ആറ്റിങ്ങൽ : സ്വകാര്യ ബസുകൾ ആറ്റിങ്ങലിൽ മിന്നൽപ്പണിമുടക്കു നടത്തിയ സംഭവത്തിൽ ബസുകൾക്കും ജീവനക്കാർക്കുമെതിരേ മോട്ടോർവാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ നവംബർ 30-നാണ് ആറ്റിങ്ങലിൽ സ്വകാര്യ ബസുകൾ മിന്നൽപ്പണിമുടക്കു നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബസുടുമകൾക്ക് മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. മറുപടികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആർ.ടി.എ. യോഗത്തിൽവയ്ക്കാനാണ് മോട്ടോർവാഹന വകുപ്പ് ഒരുങ്ങുന്നത്. ഈ മാസം അവസാനം നടക്കുന്ന യോഗത്തിൽ റിപ്പോർട്ട് വയ്ക്കുമെന്നാണ് സൂചന.
ചിറയിൻകീഴ്, മണനാക്ക് റോഡുകളിൽനിന്നുവരുന്ന ബസുകൾ ആറ്റിങ്ങൽ കച്ചേരിജങ്ഷൻ വഴി പോകണമെന്നാണ് നിയമം. എന്നാൽ സ്വകാര്യ ബസുകളിൽ മിക്കതും ജി.എച്ച്.എസ്.എസ്. ജങ്ഷനിൽനിന്ന് പാലസ് റോഡുവഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കു പോകുന്നു. ഇടുങ്ങിയ റോഡിൽ ഇരുവശത്തേക്കും ബസുകൾ പായുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യം ഗൗരവമായെടുത്തില്ല.
നവംബർ 27-ന് ആറ്റിങ്ങൽ പാലസ് റോഡിലൂടെ നടന്നുപോയ മൂന്ന് വിദ്യാർഥികളെ സ്വകാര്യ ബസിടിച്ചു. ഇടിച്ച ബസ് നിർത്താതെപോയി. ഇതേത്തുടർന്ന് നവംബർ 29 മുതൽ ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽനിന്നുള്ള ബസുകൾ പാലസ് റോഡുവഴി പോകാൻ പാടില്ലെന്ന് പോലീസ് നിർദേശിച്ചു.
അന്ന് വൈകീട്ട് 3-ന് ഒ.എസ്.അംബിക എം.എൽ.എ.യുടെ അധ്യക്ഷതയിൽ നഗരസഭാധ്യക്ഷ എസ്.കുമാരി, ഡിവൈ.എസ്.പി. എസ്.മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ ബസുകൾ പാലസ് റോഡുവഴി പോയാൽ മതിയെന്നു തീരുമാനിച്ചു. പിറ്റേന്ന് ജി.എച്ച്.എസ്.എസ്. ജങ്ഷനിൽനിന്ന് പാലസ് റോഡുവഴി ഓടാൻ ശ്രമിച്ച സ്വകാര്യ ബസുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. ഇതേത്തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ ബസ് ജീവനക്കാർ രാവിലെ 9 മണിയോടെ മിന്നൽപ്പണിമുടക്ക് നടത്തുകയായിരുന്നു.
യാത്രക്കാരെ വഴിയിലിറക്കിവിടുകയും ടിക്കറ്റ് തുക മടക്കിനൽകാതിരിക്കുകയും ചെയ്തു. ഇതു സംഘർഷത്തിനും ഇടയാക്കി. പണിമുടക്ക് നിമിത്തം നൂറുകണക്കിനു യാത്രക്കാർ പെരുവഴിയിലായി. മാത്രമല്ല പി.എസ്.സി.യുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷ നടന്ന ദിവസംകൂടിയായിരുന്നു ഇത്. പണിമുടക്ക് നിമിത്തം പല ഉദ്യോഗാർഥികൾക്കും സമയത്ത് പരീക്ഷയ്ക്കെത്താൻ കഴിയാതെ അവസരം നഷ്ടമായതായും പരാതി ഉയർന്നിരുന്നു. ഉച്ചയോടെ മോട്ടോർവാഹന വകുപ്പധികൃതർ സ്ഥലത്തെത്തി ബസുകൾ പിടിച്ചെടുക്കുമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
മിന്നൽപ്പണിമുടക്കിനെത്തുടർന്ന് ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഓടുന്ന സ്വകാര്യ ബസുകളിൽ മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. നിരവധി നിയമലംഘനങ്ങളാണ് ഇതിൽ കണ്ടെത്തിയത്. ലൈസൻസില്ലാത്ത ജീവനക്കാർ, ഡ്രൈവർക്യാബിൻ തിരിക്കാതിരിക്കൽ, വേഗപ്പൂട്ട് പ്രവർത്തിപ്പിക്കാതിരിക്കൽ, എയർഹോൺ സ്ഥാപിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കണ്ടെത്തുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.
കാര്യക്ഷമതയില്ലാത്ത വാഹനങ്ങളിൽപ്പോലും യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു. ഈ പരിശോധനകൾ തുടരുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.