കടയ്ക്കാവൂർ : മീരാൻകടവ് പാലത്തിൽനിന്ന് അഞ്ചുതെങ്ങ് കായലിലേക്കു രാത്രിയിൽ കവറുകളിലാക്കി മാലിന്യംതള്ളുന്നത് വ്യാപകമാകുന്നു.

കടയ്ക്കാവൂർ : മീരാൻകടവ് പാലത്തിൽനിന്ന് അഞ്ചുതെങ്ങ് കായലിലേക്കു രാത്രിയിൽ കവറുകളിലാക്കി മാലിന്യംതള്ളുന്നത് വ്യാപകമാകുന്നു. പാലത്തിന്റെ കൈവരികളിൽ വലകെട്ടി സംരക്ഷിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അറവുശാലയിലെയും വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യമാണ് കവറിൽകെട്ടി പാലത്തിന്റെ കൈവരിക്കു മുകളിലൂടെ കായലിലേക്കു തള്ളുന്നത്. ഇവ കായലിൽ ഒഴുകിനിറയുകയും അവ പക്ഷികൾ കൊത്തിവലിക്കുകയും വെള്ളം മലിനമാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

കരിമീനും കക്കയുമുൾപ്പെടെയുള്ള മത്സ്യസമ്പത്തുകളുടെ കലവറയാണ് അഞ്ചുതെങ്ങ് കായൽ. കായലിൽനിന്ന് മത്സ്യംപിടിച്ച് ഉപജീവനം നടത്തുന്ന നിരവധിയാളുകൾ പ്രദേശത്തുണ്ട്. മാലിന്യംതള്ളൽ നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെക്കാലവിളാകം ജങ്‌ഷനു സമീപത്തായിട്ടാണ് മീരാൻകടവുപാലം സ്ഥിതിചെയ്യുന്നത്.

പാലത്തിന്റെ കൈവരികളിൽ വല സ്ഥാപിക്കാത്തതും രാത്രി‌ തെരുവുവിളക്കുകളില്ലാത്തതുമാണ് കായലിൽ മാലിന്യംതള്ളുന്നത് വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. ചിറയിൻകീഴിൽനിന്ന്‌ വർക്കല ഭാഗത്തേക്കു പോകുന്ന പ്രധാന റോഡിൽ സ്ഥിതിചെയ്യുന്ന മീരാൻകടവ് പാലത്തിലൂടെ ദിവസേന നിരവധിയാളുകളാണ് സഞ്ചരിക്കുന്നത്.

പാലത്തിന്റെ കൈവരികളിൽ വല സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ മൗനംപാലിക്കുകയാണ്. പാലത്തിന്റെ കൈവരിയിൽ വല സ്ഥാപിക്കാത്തതുകൊണ്ട് വാഹനങ്ങളിൽ വരുന്നവർക്ക് വണ്ടിയിൽനിന്നുകൊണ്ട്‌ കായലിലേക്കു മാലിന്യം വലിച്ചെറിയാൻ എളുപ്പമാണ്.

രാത്രി വാഹനങ്ങളിൽ എത്തുന്നവർ കൂടുതലായും നദിയിൽ മാലിന്യംതള്ളുന്നത്. കായലിനുപുറമേ പാലത്തിന്റെ ഇരുവശങ്ങളിലും, പാലത്തിനടിയിലും കവറിൽകെട്ടിയനിലയിൽ മാലിന്യം തള്ളാറുണ്ട്. മുൻകാലങ്ങളിൽ പാലത്തിനടിയിൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും അറവുശാലകളിൽനിന്നുമെല്ലാം വ്യാപകമായരീതിയിൽ മാലിന്യംതള്ളൽ പതിവായിരുന്നു.

പാലത്തിന്റെ അടിഭാഗത്തെ തരിശായിക്കിടക്കുന്ന സ്ഥലത്തു കുട്ടികളുടെ കളിസ്ഥലവും പൂന്തോട്ടവും നിർമിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് കടയ്ക്കാവൂർ പഞ്ചായത്തധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.