ദേശീയപാതാ നിര്‍മാണം; തിരുവനന്തപുരം-ബംഗുളുരൂ ഗജരാജ് സര്‍വീസുകള്‍ നിര്‍ത്തി

ദേശീയപാതാ നിര്‍മാണം മൂലം തിരുവനന്തപുരത്ത് നിന്ന് ബംഗുളുരൂ സര്‍വീസ് നടത്തിയിരുന്ന KSRTC SWIFT ഗജരാജ് ബസുകള്‍ നിര്‍ത്തി. വൈകുന്നേരം 5.30ന് തമ്പാനൂരില്‍ നിന്ന് പുറപ്പെടേണ്ട ബസ് നാളെ മുതല്‍ എറണാകുളത്ത് നിന്നാണ് സര്‍വീസ് തുടങ്ങുക. കണിയാപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി ബെംഗളൂരു സര്‍വീസ് നടത്തുന്ന ബസുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും.

സ്വിഫ്റ്റ് ആരംഭിച്ചതു മുതല്‍ KS 001, KS 003 എന്നീ രണ്ട് ഗജരാജ് ബസുകളും തലസ്ഥാനത്ത് മികച്ച രീതിയില്‍ സര്‍വീസ് നടത്തിയിരുന്നു. ദേശീയപാതാ നിര്‍മാണം ആരംഭിച്ചതോടെ വസുകളുടെ വരുമാനം കുറിഞ്ഞിരുന്നു. ഇതോടെയാണ് ബസും ക്രൂവും ഉള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റിയത്.കണിയാപുരം ഡിപ്പോയില്‍ നിന്ന് തമിഴ്‌നാട് വഴി പോകുന്ന ഗജരാജ് ബസുകള്‍ തുടര്‍ന്നും സര്‍വീസിലുണ്ടാവും. എന്നാല്‍ തമ്പാനൂരില്‍ നിന്നുള്ള ബസുകള്‍ എംസി റോഡ് വഴി വൈറ്റില കയറി പോയാല്‍ കൃത്യ സമയത്ത് എത്താന്‍ പറ്റുമെന്ന ബദല്‍ വാദവും ഉയരുന്നുണ്ട്.