മാസം പത്തുമുപ്പത് ലക്ഷം രൂപയാ കിട്ടുന്നേ, അതും പഴയ കോൺഗ്രസുകാരന്; ഇതൊക്കെ പുഴുങ്ങി തിന്നുമോ...? ' കെവി തോമസിനെതിരെ ജി സുധാകരൻ

ആലപ്പുഴ: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഞങ്ങൾക്കെതിരെ മത്സരിച്ച പഴയ കോൺഗ്രസുകാരന് പത്തുമുപ്പതുലക്ഷം രൂപയാണ് ഡൽഹിയിലിരുന്ന് കിട്ടുന്നേ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ എന്ന് ജി സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം.

‘ഡൽഹിയിലിരിക്കുന്ന കെ വി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാത്രം. അയാൾക്ക് കോളേജ് പ്രൊഫസറുടെ പെൻഷൻ, എംഎൽഎയുടെ പെൻഷൻ, എംപിയുടെ പെൻഷൻ. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയൊക്കെ പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. അയാളാണെങ്കിൽ പഴയ കോൺഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങൾക്കെതിരെ മത്സരിച്ചയാൾ. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മൾ അദ്ദേഹത്തെ പരിഗണിച്ചു’- ജി സുധാകരൻ പറഞ്ഞു.