വീട് കഴക്കൂട്ടത്ത്, ലക്ഷ്യം ടെക്കികൾ: രഹസ്യവിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ, യുവാവ് പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ടെക്നോപാർക്ക് കേന്ദ്രീകരിച്ച് ഐടി സ്ഥാപനങ്ങളിലെ യുവാക്കൾക്ക് നൽകുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാക്കുടി ലൈനിൽ തിരുവോണം വീട്ടിൽ സഞ്ജു (32) ആണ് പിടിയിലായത്. സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇൻഫോസിസിന് സമീപത്തെ വീട്ടിൽ നിന്ന് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎഎ പിടികൂടിയത്. ബെംഗളുരുവിൽ നിന്നെത്തിച്ച എംഡിഎംഎ ടെക്കികൾക്ക് ചില്ലറ വില്പന നടത്താനായി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ ശേഖരത്തിൽ നിന്നും കണ്ടെടുത്തത്. വീട്ടിൽ നിന്നും വിൽപ്പനയ്ക്കായുള്ള കവറുകളും ത്രാസും പൊലീസ് കണ്ടെത്തി. ഡാൻസാഫ് ടീമും കഴക്കൂട്ടം -തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. 

ഇയാളുടെ സഹോദരൻ സച്ചു തുമ്പ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് പരിശോധനക്കായി എത്തിയപ്പോൾ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അടുത്തിടെ ടെക്നോപാർക്ക് ജീവനക്കാരനെ 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയിൽ നിന്നുള്ള 75,000 രൂപയുമായി എക്സൈസ് പിടികൂടിയിരുന്നു.