വാഹനങ്ങളിൽനിന്ന്‌ വൈദ്യുതി എടുക്കാൻ കെഎസ്‌ഇബി

ആലപ്പുഴ :വൈദ്യുത വാഹനങ്ങളിൽനിന്ന്‌ വിതരണ ശൃംഖലയിലേക്ക്‌ വൈ ദ്യുതി കൈമാറാൻ കഴിയുന്ന ‘വെഹിക്കിൾ ടു ഗ്രിഡ്‌’ (വി ടു ജി) പദ്ധതിക്ക്‌ കെഎസ്‌ഇബി ഒരുങ്ങുന്നു. പരീക്ഷണ പദ്ധതിക്കായി ഐ ഐടി മുംബൈയുമായി ധാരണപത്രം ഒപ്പുവയ്‌ക്കാൻ കെഎസ്‌ഇബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകി. കേരളത്തിലെ ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കഴിവുള്ളതാണ് വി ടു ജി പദ്ധതി. വൈദ്യുത വാഹനങ്ങൾ ചാർജ്‌ ചെയ്യാനും വൈദ്യുതി‌ക്ക്‌ കൂടുതൽ ആവശ്യമുള്ള സമയങ്ങളിൽ (പീക്ക് ഡിമാൻഡ്) ശൃംഖലയിലേക്ക്‌ തിരികെ നൽകാനും കഴിയുന്ന ദ്വിദിശ ഊർജപ്രവാഹം സാധ്യമാക്കുകയാണ്‌ പദ്ധതിയിൽ. 

സ്മാർട്ട് പോർട്ടബിൾ എനർജി സംഭരണ കേന്ദ്രങ്ങളായി വൈദ്യുത വാഹനങ്ങൾ മാറുന്നതിലൂടെ പുനരുപയോഗിക്കാവുന്ന ഊർജം സുലഭമായ പകൽ സമയങ്ങളിൽ സംഭരിക്കാനും ആവശ്യകതയേറെയുള്ള സമയങ്ങളിൽ ഉപയോഗിക്കാനും കഴിയും. കെഎസ്‌ഇബിയുടെ വിതരണ ശൃംഖലയ്‌ക്കും വൈദ്യുത വാഹന ഉടമകൾക്കും ഭാവിയിൽ അധിക വരുമാന സാധ്യതയടക്കം വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്‌. വികേന്ദ്രീകൃതമായ ഊർജ സംഭരണ ​​സംവിധാനം സൃഷ്‌ടിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ സ്ഥിരത വർധിപ്പിക്കാനും ചെലവേറിയ നവീകരണങ്ങൾ കുറയ്ക്കാനും കെഎസ്‌ഇബിക്ക്‌ കഴിയും. ഇത്‌ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും പുനരുപയോഗ ഊർജ സ്രോതസുകളുടെ പരമാവധി മെച്ചപ്പെട്ട ഉപയോഗം സാധ്യമാക്കി കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനും സഹായിക്കും.

ആദ്യഘട്ടം വൈദ്യുതി ശൃംഖലയിലും വൈദ്യുത വാഹന ചാർജിങ്‌ സ്റ്റേഷനുകളിലും പരീക്ഷണം നടത്താനുള്ള സാധ്യത വിലയിരുത്തും. രണ്ടാംഘട്ടത്തിൽ പദ്ധതി സ്ഥാപിച്ച്‌ വിലയിരുത്തും. വിജയകരമായാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. വൈദ്യുത വാഹന പ്രചാരം വർധിപ്പിക്കുന്നതിനും കേരളത്തിന്റെ ഊർജ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാനും പദ്ധതിക്ക്‌ കഴിയുമെന്ന്‌ കെഎസ്‌ഇബി കരുതുന്നു.