സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. 

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താകൾക്കാണ് ഇന്നുമുതൽ പെൻഷൻ നൽകി തുടങ്ങിയത്. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 62 ലക്ഷം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. മാർച്ച് മാസത്തിലെ പെൻഷൻ വിതരണത്തിനായി കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് 817 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്രം സംസ്ഥാനം സാമ്പത്തികമായി ഞെരുക്കുന്നതിനിടയിൽ ആണ് സംസ്ഥാനം ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിൽ ലഭ്യമാവുക.