സ്വർണവില ഇന്നും ഇടിഞ്ഞു; കേരളത്തിലെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 63,920 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,990 രൂപയുമായി. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. അതേസമയം, കേരളത്തിലെ മറ്റൊരു വിഭാഗം വ്യാപാരികള്‍ ഗ്രാമിന് 60 രൂപ കുറച്ച് 8,000 രൂപയാക്കി. ഇവര്‍ 64,000 രൂപയാണ് പവന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ 64,480 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

കേരളത്തില്‍ വ്യാപാരികള്‍ക്കിടയിലെ ഭിന്നത കാരണം കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് ജ്വല്ലറികളിൽ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം വില കൂട്ടിയപ്പോള്‍ മറുവിഭാഗം വില കുറയ്ക്കുകയാണ് ചെയ്തത്. ഇന്ന് ഇരുവിഭാഗങ്ങളും വില കുറയ്ക്കുകയാണുണ്ടായത്.

ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.എന്നാല്‍, മാര്‍ച്ച് മാസം തുടക്കത്തില്‍ താഴേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില ഉപയോക്താക്കളില്‍ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍, വൈകാതെ കൂടുകയും ചെയ്തു. ഇത്തരത്തിൽ സ്വർണവിലയിൽ അനിശ്ചിതത്വമാണ് വിപണിയിലുള്ളത്.