വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കുന്നതിനായി വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അഫാനെ കാണുന്നതിന് വന്‍ ജനക്കൂട്ടമായിരുന്നു തിങ്ങിക്കൂടിയത്. അതിനാല്‍ അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്‍ പൊലീസ് സുരക്ഷയിലായിരുന്നു.
അതേസമയം പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസം പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചിരുന്നു.