വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.



നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.