വിവാദ ഭാ​ഗങ്ങൾ നീക്കും മുൻപ്', എംപുരാൻ കാണാൻ മുഖ്യമന്ത്രി കുടുംബസമേതം എത്തി

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ എംപുരാന്‍ കാണാൻ കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമ കാണാനെത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എംപുരാൻ വ്യാഴാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്കെതിരെ സംഘപരിവാർ അനുകൂലികൾ വ്യാപക വിമർശനങ്ങളാണ് ഉയർത്തുന്നത്.

സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ചിത്രത്തിലെ വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തുമെന്നാണ് സൂചന. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.

അടുത്തയാഴ്ച തീയറ്ററില്‍ എത്തുന്ന പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെ വ്യക്തമാക്കിയിരുന്നു.