ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ഉടൻ ആരംഭിക്കും

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിലനിര്‍ത്തും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും ടീമിലെ മറ്റു സ്പിന്നര്‍മാര്‍.ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാലു തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 2 കളികളില്‍ ആണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. ഒരെണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മറ്റൊരു മത്സരം ടൈ ആയി. മിനി ലോകകപ്പിന്റെ പ്രഥമ പതിപ്പായ 1998ലെ ഇന്റര്‍നാഷണല്‍ കപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. 128 പന്തില്‍ 141 റണ്‍സ് നേടുകയും സ്റ്റീവ് വോയും മൈക്കല്‍ ബെവനും അടക്കം 4 ഓസീസ് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിജയശില്‍പ്പിയായി. രണ്ട്് വര്‍ഷത്തിനിപ്പുറം ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റില്‍ ഗ്ലെന്‍ മഗ്രാത്തിനെ കടന്നാക്രമിച്ച സച്ചിന്റെ മറ്റരു മുഖം കണ്ടു ക്രിക്കറ്റ് ലോകം.ഫിനിഷറായും ടോപ് ഫീല്‍ഡറായും യുവ് രാജ് സിംഗിന്റെ ഉദയം. സഹീര്‍ ഖാന്റെ യോര്‍ക്കറുകളും ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ കാഴ്ചയായി. 2006ല്‍ ഇന്ത്യ വേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ പകരംവീട്ടി. 6 വിക്കറ്റ് ജയത്തോടെ ഇന്ത്യയെ കെട്ടുകെട്ടിച്ചു കംഗാരുക്കള്‍. 1998ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റതിന് ശേഷം ചാംപ്യന്‍സ് ട്രോഫിയുടെ സെമി കടമ്പയില്‍ ഇന്ത്യ വീണിട്ടില്ല. കഴിഞ്ഞ നാല് സെമിയിലും ജയിക്കാനായി. ഓസ്‌ട്രേലിയ ആകട്ടേ 2000ലും 2002ലും സെമിയില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും ഫൈനലില്‍ കടന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.