തിരുവനന്തപുരം : ഉത്സവത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ബാലന്മാരുടെ കുത്തിയോട്ടവ്രതം തുടങ്ങി.
അമ്പലത്തിന് മുന്നിലെ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറൻ ഉടുത്തുവന്ന കുട്ടികൾ ദേവീസന്നിധിയിലെത്തി. ദേവിയെ വണങ്ങിയശേഷം ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തയ്യാറായി.
ശ്രീകോവിലിൽ നിന്ന് പകർന്ന കർപ്പൂരം ആരതി അവർ തൊഴുതു. പള്ളിപ്പലകയിൽ 7 വെള്ളി നാണയങ്ങൾ സമർപ്പിച്ച് മേൽശാന്തി നൽകിയ പ്രസാദം സ്വീകരിച്ച് ബാലന്മാർ വ്രതം ആരംഭിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചകളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.
588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ എട്ടിന് പന്തീരടി പൂജകൾക്ക് ശേഷം വ്രതാരംഭ ചടങ്ങുകൾ തുടങ്ങി. മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വ്രതം അനുഷ്ഠിക്കുന്നവർ ഇനിയുള്ള ഏഴ് ദിവസങ്ങൾക്കുള്ളിൽ 1008 നമസ്‌കാരം പൂർത്തിയാക്കണമെന്നാണ് ആചാരം.
വീടുകളിൽ പോകാൻ അനുവാദമില്ലെങ്കിലും രക്ഷിതാക്കൾക്ക് ക്ഷേത്രത്തിലെത്തി കുട്ടികളെ കാണാനുള്ള സൗകര്യമുണ്ടാകും.
പൊങ്കാല നിവേദ്യത്തിന് ശേഷം 13-ന് വൈകീട്ട് 7.45-ന് ബാലൻമാരെ ചൂരൽകുത്തും. പുഷ്പകിരീടവും പുതു വസ്ത്രങ്ങളും അണിഞ്ഞ് രാത്രി 11-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് ഇവർ അകമ്പടി സേവിക്കും.
തോറ്റംപാട്ടിൽ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ ചേർന്ന മാലപ്പുറം പാട്ടാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. കോവലനുമായി ദേവിയുടെ വിവാഹം നടന്നത് ഈ ദിവസമെന്നാണ് വിശ്വാസം.
ദരിദ്രനായി തീർന്ന കോവലൻ നിത്യവൃത്തിക്ക് വഴിയില്ലാതെ ക്ലേശിക്കുന്നതും, ദേവിയുടെ നിർബന്ധത്തിന് വഴങ്ങി ചിലമ്പ് വിൽക്കാനായി കൊണ്ടു പോകുന്നതുമായ ഭാഗം ശനിയാഴ്ച അവതരിപ്പിക്കും.