ഫ്രാൻസിൽനിന്ന് എം.ഡി.എം.എ. വരുത്തിയ വിദ്യാർഥിക്ക് പാഴ്സലിൽ വന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു

തിരുവനന്തപുരം : ഫ്രാൻസിൽനിന്ന് എം.ഡി.എം.എ. വരുത്തിയ വിദ്യാർഥിക്ക് പാഴ്സലിൽ വന്ന കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം എറണാകുളം എക്സൈസ് റേഞ്ച് പിടികൂടിയ തിരുവനന്തപുരം പേരൂർക്കട സ്വദേശി അതുൽ കൃഷ്ണ(23)യ്ക്കാണ് ഷില്ലോങ്ങിൽനിന്ന്‌ കഞ്ചാവ് പാഴ്‌സൽ വന്നത്. കിഴക്കേക്കോട്ട ഇന്ത്യ പോസ്റ്റ് പാഴ്‌സൽ ഹബ്ബിൽനിന്നാണ് കഞ്ചാവടങ്ങിയ പെട്ടി കിട്ടിയത്. ഷില്ലോങ്ങിലെ മാവിലായി പോസ്റ്റോഫീസിൽനിന്നാണ് ഇത് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. എ.പി.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാഴ്‌സൽ പിടിച്ചെടുത്തത്. പേരൂർക്കട വിജയ് നിവാസിൽ അതുൽകൃഷ്ണയ്ക്കെതിരേ എക്സൈസ് കേസെടുത്തിട്ടുണ്ട്.

920 ഗ്രാം കഞ്ചാവാണ് പെട്ടിയിലുണ്ടായിരുന്നത്. പൂർണമായി ഉണങ്ങാത്ത വിത്തുകൾ സഹിതമുള്ളതാണ് കഞ്ചാവ്. പെട്ടിയിൽ കുട്ടികളുടെ ഡയപ്പർ പായ്ക്കറ്റുകളുടെ അടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. അഞ്ച് പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അതുലിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവു പിടിച്ചെടുത്തത്. നിയമവിദ്യാർഥിയാണ് അതുൽ.