സമ്പൂര്‍ണ മാലിന്യമുക്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന്

സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഇതുവരെ സംസ്ഥാനത്തെ 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനം പൂര്‍ത്തിയായി. ഏപ്രില്‍ 5നകം ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും.

മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിനുകളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപനം നടത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഹരിതസ്‌കൂളുകള്‍, കോളജുകള്‍, ടൌണുകള്‍, മാര്‍ക്കറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രം, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരികയാണ്.ഇതുവരെ സംസ്ഥാനത്തെ 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായി. 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്യം കൈവരിക്കുന്ന ബാക്കിയുള്ളവയെ ഇന്ന് മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും. ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 5നകം ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും. മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ ഖരമാലിന്യ മുക്തമാക്കാന്‍ വേണ്ടിയാണ്, കഴിഞ്ഞവര്‍ഷം ജൂലൈ 26ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചത്.