വർക്കല : പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി. കടൽക്കാറ്റടിച്ച് പാലത്തിന്റെ പലഭാഗങ്ങളിലും തുരുമ്പുപിടിച്ചാണ് ബലക്ഷയമുണ്ടായത്. ആൾക്കാൾ നടക്കുന്ന ഭാഗത്ത് ഇരുമ്പുഷീറ്റ് ദ്രവിച്ച് ദ്വാരങ്ങൾ വീണിട്ടുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തരും ഉപയോഗിക്കുന്ന പാലമാണ് അപകടാവസ്ഥയിലായത്.
മുൻപ് പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിമാറി തോട്ടിലേക്കു പതിക്കാവുന്ന സ്ഥിതിയിലായിരുന്നു. കർക്കടകവാവിനു തൊട്ടുമുൻപാണ് പുതിയ കൈവരി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയത്. ഏഴുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് പാലം വീണ്ടും തകർച്ചാഭീഷണിയിലായത്.
പാപനാശം തീരത്തുകൂടി ഒഴുകി കടലിൽച്ചേരുന്ന തോടിനു കുറുകേയാണ് പാലം നിർമിച്ചിട്ടുള്ളത്. പാപനാശം തീരത്തേക്കു തോട് പ്രവേശിക്കുന്ന് ഭാഗത്ത് ടൂറിസം വകുപ്പാണ് ഇരുമ്പുപാലം നിർമിച്ചത്.
മലിനമായ തോട്ടിലിറങ്ങാതെ മുറിച്ചുകടക്കുന്നതിനുള്ള ഏകമാർഗമാണ് നടപ്പാലം. സഞ്ചാരികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനുപേരാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. മുൻപ് തടികൊണ്ടുള്ള പാലമാണുണ്ടായിരുന്നത്. അത് ഇടയ്ക്കിടെ തകരുന്നതിനാൽ നാലുവർഷം മുൻപാണ് ഇരുമ്പുപാലം നിർമിച്ചത്.
കടൽക്കാറ്റടിച്ചും മറ്റും പാലത്തിൽ തുരുമ്പുകയറി. പാലത്തിന്റെ ഒരുവശത്ത് ദ്വാരങ്ങൾ വീണനിലയിലാണ്. യാത്രക്കാരുടെ കാൽ ഇതിൽപ്പെട്ട് മുറിവേൽക്കാൻ സാധ്യതയുണ്ട്. ദ്വാരങ്ങൾ വീണ ഭാഗത്തിനു സമീപവും ഷീറ്റ് നേർത്ത അവസ്ഥയിലാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളംപേർ പാപനാശത്ത് എത്തുന്നുണ്ട്. പാപനാശത്തുനിന്ന് ഹെലിപ്പാഡ് ഭാഗത്തേക്കുള്ള വഴിയിലേക്ക് നടപ്പാലത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. അതിനാൽ രാത്രിയിൽ സ്ഥലപരിചയമില്ലാത്തവർ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.
ബലിതർപ്പണച്ചടങ്ങുകൾക്ക് എത്തുന്നവർ നീരുറവകളിൽ കുളിക്കാനും ഇതുവഴിയാണ് പോകുന്നത്. അതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. ദ്വാരം വീണ ഭാഗങ്ങളിൽ സമീപത്തെ റിസോർട്ടുകാർ പൂച്ചെട്ടികൾവെച്ചും ചുവന്ന കൊടികൾ കെട്ടിയും ഈ ഭാഗം മറച്ചിട്ടുണ്ട്.
ഉപ്പുകാറ്റടിക്കുന്ന സ്ഥലത്ത് ഇരുമ്പുപാലം അശാസ്ത്രീയമായതിനാലാണ് ഇടയ്ക്കിടെ തകർച്ചയുണ്ടാകുന്നത്. ഉപ്പുകാറ്റിനെ അതിജീവിക്കുന്ന മാർഗമുപയോഗിച്ച് സ്ഥായിയായ പരിഹാരത്തിന് അധികൃതർ ശ്രമിക്കണമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവരുടെ ആവശ്യം