വര്‍ക്കല പേരേറ്റിൽ അമ്മയും മകളും മരിച്ച അപകടത്തിൽ അമിത വേഗത്തിലെത്തിയ റിക്കവറി വാഹനം സ്കൂട്ടറിലും കാറിലും ഇടിച്ച ശേഷം..,ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

തിരുവനന്തപുരം: വര്‍ക്കല പേരേറ്റിൽ അമ്മയും മകളും മരിച്ച അപകടത്തിൽ അമിത വേഗത്തിലെത്തിയ റിക്കവറി വാഹനം സ്കൂട്ടറിലും കാറിലും ഇടിച്ച ശേഷമാണ് ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികള്‍. സ്കൂട്ടര്‍ യാത്രക്കാരന്‍റെ മൂന്നു കൈവിരലുകള്‍ അറ്റു. പാഞ്ഞുകയറിയ വാഹനത്തിന്‍റെ ഡ്രൈവര്‍ പേരേറ്റിൽ സ്വദേശി ടോണി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

കൂട്ടിക്കട തൊടിയിൽ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേയ്ക്കാണ് ഇന്നലെ രാത്രി പത്തു മണിയോടെ റിക്കവറി വാഹനം പാഞ്ഞുകയറിയത്. പേരേറ്റിൽ സ്വദേശി രോഹിണിയും മകള്‍ അഖിലയുമാണ് മരിച്ചത്. സ്കൂട്ടര്‍ യാത്രക്കാരനായ ആലിയിറക്കം സ്വദേശി നാസിഫ്, ഉഷ എന്നിവര്‍ക്ക് പരിക്കേറ്റു. മൂന്നു കൈവിരലുകള്‍ അറ്റ നാസിഫിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായാണ്.ഉഷയുടെ ഒരു പല്ല് നഷ്ടമായി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്ന ഉഷയെ ഡിസ് ചാര്‍ജ് ചെയ്തു. വാഹനത്തിൽ മദ്യക്കുപ്പികളും ബിയര്‍ ബോട്ടിലുകളുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.