അവഗണനയിൽ തുടരുന്ന കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ

കടയ്ക്കാവൂർ: തകർന്ന ചുറ്റുമതിൽ, തുരുമ്പെടുത്ത് വള്ളിപ്പടർപ്പുകൾ മൂടിയ സ്ഥലനാമ ബോർഡ്, പ്രദേശം മുഴുവൻ കുറ്റിച്ചെടികൾ, ഒന്നാമത്തെ പ്ലാറ്റ്ഫോം നിറയെ കുറ്റിച്ചെടികൾ ഇതാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ അവസ്ഥ. ഒപ്പം രാത്രിയായാൽ സ്റ്റേഷൻ പരിസരത്ത് വെളിച്ചം കാണാൻപോലുമില്ല. ഇവിടുത്തെ കുറ്റിക്കാട് നിറയെ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമാണ്.

 സ്റ്റേഷനിൽ കടയ്ക്കാവൂർ എന്നെഴുതിയ വലിയ ബോർഡ് മറിഞ്ഞ് കിടപ്പാണ്. ഇത് പുനഃസ്ഥാപിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.

സ്റ്റേഷനിൽ സ്ഥാപിച്ച കുടിവെള്ളത്തിന്റെ കൂളർ റിപ്പയറിംഗിന് കൊണ്ടുപോയിട്ട് മാസങ്ങൾ കഴിഞ്ഞു. പിന്നീട് ഒരുവിവരവും ഇല്ല.

പൊതു ടെയ്‌ലെറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കാന്റീനും പൂട്ടിക്കെട്ടി.

 രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള ഫുട് ഓവർബ്രിഡ്ജിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും

കൊവിഡ് കാലത്ത് സർവീസ് നിറുത്തലാക്കിയ കണ്ണൂർ, ഗുരുവായൂർ എക്സ്‌പ്രസുകൾക്ക് ഇപ്പോൾ ഒരു സെെഡ് മാത്രമാണ് സ്റ്റോപ്പുള്ളത്. മധുര- പുനലൂർ എക്സ്‌പ്രസ്, മാവേലി എക്സ്പ്രസ്,പരശുറാം എക്സ്പ്രസ്, ശബരി എക്സ്‌പ്രസ് എന്നീ ട്രെയിനുകൾക്കും കടയ്ക്കാവൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.