ലഹരിയും റാ​ഗിങ്ങും തടയൽ ; കോളേജുകളിലും വരുന്നു പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്

തിരുവനന്തപുരം : റാ​ഗിങ്ങും അക്രമങ്ങളും തടയാൻ സ്കൂൾ മാതൃകയിൽ കോളേജുകളിലും പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്‌ (എസ്‌പിജി) രൂപീകരിക്കും. അധ്യാപകരും വിദ്യാർഥികളും പൊലീസും രക്ഷിതാക്കളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്നതാണിത്‌. സ്ഥാപന മേധാവിയോ പിടിഎ പ്രസിഡന്റോ ആയിരിക്കും അധ്യക്ഷൻ. കൺവീനർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ജോയിന്റ് കൺവീനർ എസ്എച്ച്ഒ നിയോഗിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരിക്കും.

നിശ്ചിത ഇടവേളകളിൽ യോ​ഗം ചേർന്ന് എസ്പിമാരുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തും. വാട്സാപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച സംഭവം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യും. വിദ്യാർഥികളുടെ സുരക്ഷിതത്വം, ലഹരി ഉപയോ​ഗം തടയൽ, നിയമവിരുദ്ധ പ്രവർത്തനത്തിന് തടയിടുക എന്നിവയാണ് ലക്ഷ്യം.

കോളേജ് പരിസരത്ത് വിദ്യാർഥികളെ ചൂഷണം ചെയ്യുന്നവരെയും ലഹരി ഉൽപ്പന്ന കച്ചവടക്കാരെയും പൊലീസ് നിരീക്ഷിക്കും.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ചില കോളേജുകളിൽ പ്രവർത്തനം തുടങ്ങി. ഉടൻ സംസ്ഥാന വ്യാപകമാക്കും. നിലവിൽ സർക്കാർ സ്കൂളുകളിൽ മാത്രം പ്രവർത്തിക്കുന്ന എസ്‌പിജി സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.

പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും കോളേജുകളിൽ നടപ്പാക്കും. ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൊലീസ് ആരംഭിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.