ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. കളിമുടങ്ങിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം നീളും.
ഏകദിന ടീമില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് വിജയവും കിരീടവും അനിവാര്യമാണ്. നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈയുണ്ട്. അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍. നാല് മത്സരങ്ങളില്‍ മൂന്നിലും കിവീസിനൊപ്പമായിരുന്നു ജയം.
2000-ത്തില്‍ നെയ്‌റോബിയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അന്ന് കിവീസ് ജേതാക്കളായ ചരിത്രമുണ്ട്. 25 വര്‍ഷംമുമ്പ് ഫൈനലില്‍ കിവീസിനോട് തോറ്റതിന്റെ കടം ഇന്ത്യയ്ക്ക് വീട്ടാനുണ്ട്.
ഇരുടീമുകളും 119 തവണ മുഖാമുഖം കണ്ടപ്പോള്‍ ഇന്ത്യ 61 കളി ജയിച്ചു. കിവീസ് 50 എണ്ണത്തിലും വിജയിച്ചു. അവസാന പത്തു കളിയില്‍ 6-4ന് ഇന്ത്യക്കാണ് മുന്‍തൂക്കം.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളത്. വിരാട് കോഹ് ലിയാണ് ബാറ്റര്‍മാരില്‍ റണ്ണടിയില്‍ മുന്നില്‍. നാലു കളിയില്‍ 217 റണ്‍സ്. ശ്രേയസ് അയ്യര്‍ 195 റണ്ണെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലും (157) ഫോമിലാണ്.