ലൗ ജിഹാദ് വര്‍ഗീയ പ്രസ്താവന; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

വീണ്ടും വര്‍ഗീയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. കേരളത്തില്‍ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദില്‍ 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടപ്പെട്ടുവെന്നാണ് ജോര്‍ജ് പൊതു പരിപാടിയില്‍ പറഞ്ഞത്. യൂട്യൂബ് ചാനലില്‍ വന്ന പ്രസംഗത്തിന്റെ ലിങ്കാണ് തെളിവായി പരാതിയോടൊപ്പം നല്‍കിയത്. ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തിട്ടില്ല. ഈ സാഹജര്യത്തിലാണ് പി.സി. ജോര്‍ജ് മനപ്പൂര്‍വം കള്ളം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

സമാന സംഭവത്തില്‍ രണ്ട് കേസുകളില്‍ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി. ജോര്‍ജ് വീണ്ടും വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്തിടത്താണ് പി.സി. ജോര്‍ജ് മനപ്പൂര്‍വം കള്ളം പ്രചരിപ്പിക്കുന്നത്. എല്ലാ മതസ്ഥരും ഐക്യത്തോടെ കഴിയുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുകയും മനപൂര്‍വം കലാപം സൃഷ്ടിക്കുകയുമാണ് ജോര്‍ജിന്റെ ലക്ഷ്യം. ഒരു മതവിഭാഗത്തെ കള്ള പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ജോര്‍ജിനെതിരെ 153എ, 295എ, 298 & 505 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണം എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.

നേതാക്കളായ ഫസല്‍ സുലൈമാന്‍, ജോസിന്‍ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗജിഹാദില്‍ നഷ്ടപ്പെട്ടു. അതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

”400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗജിഹാദില്‍ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാ?ത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെണ്‍കൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. ആ പെണ്‍കുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ”-ഇങ്ങനെയായിരുന്നു പി.സി.ജോര്‍ജിന്റെ പ്രസംഗം.

അന്താരാഷ്ട്ര വനിത ദിനത്തിന്റെ തൊട്ടുപിന്നാലെയാണ് വിവാദ പ്രസംഗവുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയം.