വിദ്യാഭ്യാസം, തൊഴിൽ, പൊതുഭരണം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി വെല്ലുവിളികളാണ് സ്ത്രീകൾ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത മുൻവിധികളുമെല്ലാം സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമായി ഇന്നും തുടരുന്നു.
സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു സമീപനം മാത്രമല്ല.സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും ആഗോള വികസനത്തിനുമെല്ലാം അനിവാര്യമായ കാര്യമാണത്. ലോകമെമ്പാടും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.തൊഴിൽ സമയം കുറയ്ക്കുക, വേതനവർധന, വോട്ടവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ൽ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിർമ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികൾ സംഘടിപ്പിച്ച ഒരു പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. സാമ്പത്തിക സ്വാതന്ത്ര്യം, ന്യായമായ വേതനം, നേതൃത്വപരമായ ചുമതലകൾ എന്നിവയിൽ സ്ത്രീകളെ പിന്തുണയ്ക്കുകയും ലിംഗപരമായ വിവേചനത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ദിനാചരണം അടിവരയിടുന്നത്.