തിരുവനന്തപുരം: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ ജാഗ്രതവേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളുംമാത്രം ഉപയോഗിക്കണം.
ലോഹനിര്‍മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്‌ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ ഇവ കുത്തി കണക്‌ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തെന്നും ഇഎല്‍സിബി /ആര്‍സിസിബി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
കെഎസ്ഇബിയുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്‌ഷന്‍ ഓഫീസില്‍നിന്ന് അനുവാദം വാങ്ങേണ്ടതാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ എന്നും കെഎസ്ഇബി അറിയിച്ചു.