ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒളിവില്‍

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് മുമ്പ് മേഘ ഇയാളുമായി എട്ട് സെക്കന്‍ഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടില്‍ ഉള്‍പ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മരണ ദിവസം ഇരുവരും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിതാവ് പോലീസിന് കൈമാറിയിരുന്നു.
മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. യുവാവിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നെന്നും സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ മാസത്തെ ശമ്പളമടക്കം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കെന്നും പിതാവ് പറയുന്നു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.
സുകാന്ത് സുരേഷിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവില്‍ പോയത്.