വക്കം : സഞ്ചാരയോഗ്യമായ റോഡെന്ന വക്കത്തുകാരുടെ വർഷങ്ങളായുള്ള സ്വപ്നം ഒടുവിൽ സഫലമാകുന്നതിലേയ്ക്ക്.നിലയ്ക്കാമുക്ക്- വക്കം പണയിൽക്കടവ് റോഡിന്റെ ടാറിടൽ ജോലികൾ അവസാനഘട്ടത്തോടടുക്കുന്നു. പണയിൽക്കടവ് മുതൽ റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്തെ ടാറിടൽ മാസങ്ങൾക്കു മുൻപേ പൂർത്തിയായിക്കഴിഞ്ഞിരുന്നു. അവശേഷിച്ചിരുന്ന നിലയ്ക്കാമുക്ക് ജങ്ഷൻ മുതൽ റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട ടാറിടലും പൂർത്തിയായി. നാലരക്കിലോമീറ്റർ മാത്രം നീളമുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ ടെൻഡർ വിളിച്ച് അഞ്ചുവർഷത്തോളം വേണ്ടിവന്നു.
ഇതിനിടയിൽ റോഡുപണി വൈകുന്നതിനെതിരേ ജനങ്ങളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു. റോഡിലെ കുഴികളിൽ വീണ് നിരവധി അപകടങ്ങൾക്കൊക്കെ വക്കത്തുകാർ സാക്ഷ്യംവഹിച്ചു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡ് ടാർ ചെയ്യുന്നതിനായി 2020-ലാണ് നാലുകോടിയോളം രൂപ അനുവദിച്ചത്. തുടർന്ന് നിരവധി തവണ കരാർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാനില്ലാത്ത സാഹചര്യമുണ്ടായി. 2023 ഡിസംബറിൽ 4.34 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത് ജനുവരിയിൽ പണി ആരംഭിക്കുകയും ചെയ്തു.
റോഡിന് വശങ്ങളിൽ ഓട നിർമിച്ചും പൊട്ടിപ്പൊളിഞ്ഞുകിടന്ന ഭാഗത്തെ ടാർ പൂർണമായും നീക്കി മെറ്റൽ പാകുന്ന ജോലികളുമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ, തുടക്കത്തിലേ പണിയിൽ ക്രമക്കേടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിക്കൊണ്ട് ജനങ്ങൾ രംഗത്തുവരുകയും ജലസേചനവകുപ്പ് റോഡിന് വശങ്ങളിൽ പൈപ്പിടാനുള്ള ജോലികൾ പൂർത്തിയാക്കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെ റോഡുപണി താത്കാലികമായി നിർത്തിവെച്ചു.
തുടർന്ന് മഴ പെയ്യുകയും റോഡിൽ നിരത്തിയ മെറ്റലുകൾ ഒലിച്ചുപോവുകയും പൈപ്പിടുന്നതിനായി കുഴിച്ച കുഴികൾ മൂടാതിരിക്കുകയും ചെയ്തതോടെ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ഇതിനിടെ റോഡുപണി തുടർന്നു നടത്താൻ സാധിക്കില്ലെന്നും പണി തുടർന്നാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കരാറുകാരൻ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി. തുടർന്ന് പണി ഉപേക്ഷിച്ചു.
റോഡ് യാഥാർഥ്യമാക്കാനായി നിരവധി സമരങ്ങളാണ് വക്കത്ത് അരങ്ങേറിയത്. പരാതിയും പരിഭവവും പറഞ്ഞുമടുത്ത നാട്ടുകാർ വക്കത്ത് ഒത്തുകൂടുകയും ജനകീയ പൗരസമിതിക്ക് രൂപംനൽകുകയും ചെയ്തു. വക്കം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും പണി പൂർത്തിയാക്കാത്തതിന് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.തുടർന്ന് എം.എൽ.എ.യും പൊതുമരാമത്ത് അധികൃതരും കരാറുകാരനും ചർച്ച നടത്തുകയും റോഡുപണി പുനരാരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.