ഇന്ന് കലാഭവൻ മണിയുടെ ഓർമദിനം.....

2016 മാര്‍ച്ച് 6 ആം തിയതി വൈകുന്നേരമായിരുന്നു കേരളക്കരയെ ഞെട്ടിച്ച ആ വാര്‍ത്ത പരന്നത്. നടന്‍ കലാഭവന്‍ മണി അന്തരിച്ചുവെന്ന വാര്‍ത്ത....

അദ്ദേഹം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ അമൃത ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴായിരുന്നു തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

അദ്ദേഹത്തിന്റെ മരണം കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. 

കാലങ്ങള്‍ കഴിയുമ്പോള്‍ കേസില്‍ പുതിയ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ല. ഇന്ന് വീണ്ടുമൊരു മാര്‍ച്ച് 6 ആം തിയതി കലാഭവന്‍ മണി നമ്മെ വിട്ട് പിരിഞ്ഞ ആ ദിനം....

ചാലക്കുടിക്കാരന്‍ രാമന്റേയും അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971 ജനുവരി 1 ആം തിയതി പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം. 
   
കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. പാട്ട് പാടാനുള്ള കഴിവുള്ള മണി നാടന്‍ പാട്ടുകള്‍ക്ക് പുതിയൊരു രൂപവും അവതരണവും നല്‍കി. 

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്.

കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിൽ തുടക്കമെങ്കിലും സഹനടനും നടനും വില്ലനുമടക്കം മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയത് അതിവേഗമായിരുന്നു.

1995 ല്‍ അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. 

സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. 

തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. 

സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രികളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു. 

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വളര്‍ന്ന താരത്തിന് മരിക്കുന്നത് വരെ കൈനിറയെ സിനിമകളായിരുന്നു.

മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. മരണശേഷം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ വിഷമദ്യം കുടിച്ചിട്ടാകാം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. 

മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. ഈ വാര്‍ത്ത വന്നതോടെ മണിയുടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. എന്നാല്‍ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുമ്പോഴും പോലീസ് പറയുന്നത് സ്വാഭാവികമരണമാണെന്നാണ്. 

കലാഭവൻ മണി ഓർമകളിലെ മണിമുഴക്കം എന്ന പേരിൽ ലിജീഷ് കുമാർ എഡിറ്റ്‌ ചെയ്ത് ഗ്രീൻ ബുക്ക്സ് ഒരു പുസ്തകം ഇറക്കിയീട്ടുണ്ട്. 

സെന്തില്‍ മണിയെ നായകനാക്കി സംവിധായകൻ വിനയൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു. 

ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മണിയെ സംസ്‌കരിച്ചത്.