വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ അനുമതി നല്‍കിയാല്‍ പ്രതിയെ ആശുപത്രിയില്‍ നിന്നും ജയിലേക്ക് മാറ്റും. നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ചില്ല.

അതേസമയം, അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസ് നീക്കം.


അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൃത്യം ചെയ്തതെന്നുമാണ് മെഡിക്കല്‍ കണ്ടെത്തല്‍.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേരളത്തെ ഞെട്ടിക്കുന്ന വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ്, പിതൃസഹോദരനും ഭാര്യയും, സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. അഫാന്‍ തന്റെ മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് കൂട്ടക്കൊല നടത്തിയതെന്നും കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാവാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.

ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയിരുന്നു.


വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും മൊഴി നല്‍കിയിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി അഫാന്‍ പറഞ്ഞിരുന്നു.