ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം

കിളിമാനൂർ : ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം. പല ഘട്ടങ്ങളിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും ഒന്നും ഇനിയും യാഥാർഥ്യമായില്ല. ജില്ലാപ്പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ടൊഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി.

നിലവിൽ വരണ്ട നിലയിലാണെങ്കിലും വേനൽമഴ പെയ്യുന്നതോടെ സ്റ്റേഡിയം വെള്ളക്കെട്ടാവും. വേനലിലെ ഏതാനും മാസങ്ങളിൽ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും നല്ല മഴക്കാലമാവുമ്പോൾ ചെളിയും നിറയും. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്കായി നീക്കംചെയ്യുന്ന മണ്ണുകൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇതു ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ടനിലയിൽ വശങ്ങളിൽ പലയിടത്തായി കിടപ്പുണ്ട്.

പോങ്ങനാട് ഗവ. യുപി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദേശിക്കപ്പെട്ടിരുന്നത്. സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ടു പിന്നിട്ടു. പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വരുകയും ചെയ്തു. കളിസ്ഥലം മാത്രം ഇതുവരെ നവീകരിക്കപ്പെട്ടില്ല. സ്കൂളിൽ കവാടം, കളിസ്ഥലം ഉൾപ്പെടെ നിർമിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു. നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ശൗചാലയമടക്കം നിർമിക്കുന്നതിനാണ് ചെലവിട്ടത്. പോങ്ങനാട് ജങ്ഷനോടുചേർന്ന് ഉണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. താഴ്ന്ന സ്ഥലമായതിനാൽ തുടക്കംമുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു. എന്നാൽ കളിസ്ഥലത്തിനായി നികത്തിയ കുളം ഉപയോഗപ്രദമാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല. ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുക്കാൻ ആരുമുണ്ടായില്ല. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായനിലയിൽ സ്റ്റേഡിയം നവീകരിക്കാൻ പര്യാപ്തമായ തുക ഇനി ആര്‌ അനുവദിച്ചുനൽകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.