കഴക്കൂട്ടം : ഇടക്കാലത്ത് നിർത്തിെവച്ച കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാതാനിർമാണം പുനരാരംഭിച്ചു.
സംസ്ഥാനത്ത് നേരത്തേയും നിരവധി നിർമാണപ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ള ആർ.ഡി.എസ്. പ്രോജക്ടിനായിരുന്നു കഴക്കൂട്ടം-കടമ്പാട്ടുകോണം പാതയുടെ കരാർ ലഭിച്ചത്. ഇവർ മഹാരാഷ്ട്ര ആസ്ഥാനമായ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയാണ് പണി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. പുതിയ കമ്പനി നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് പ്രവൃത്തികൾ തുടങ്ങി.
2022-ൽ പ്രവൃത്തികൾ തുടങ്ങി ഈ വർഷം ജനുവരിയിൽ പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിരുന്ന 29.83 കിലോമീറ്റർ നീളം വരുന്ന ആറുവരിപ്പാത ഇപ്പോഴും 40 ശതമാനം പോലും പൂർത്തിയാകാത്ത നിലയിലാണ്. 795 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. മറ്റു റീച്ചുകളിൽ നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ ഈ ഭാഗത്ത് ഉദ്ദേശിച്ച വേഗതയിൽ പ്രവൃത്തികൾ മുന്നോട്ടുപോയില്ല.
പാറ, ചുവന്ന മണ്ണ് എന്നിവയുടെ ദൗർലഭ്യം ഇടയ്ക്കുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇവർ ദേശീയപാതാ അതോറിറ്റിയോട് കരാർ കാലാവധി നീട്ടിച്ചോദിച്ചു. നിർമാണസാമഗ്രികളുടെ ക്ഷാമം, ദേശീയപാതാ അതോറിറ്റി സംസ്ഥാന സർക്കാരുമായുള്ള അവലോകനയോഗങ്ങളിലും ഉന്നയിച്ചിരുന്നു.
പിന്നീട് ഇവയുടെ ലഭ്യത ഉറപ്പാക്കി 2025 ഡിസംബറിൽ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ, ഇതിനു ശേഷവും കാര്യമായി ജോലികൾ നടന്നില്ല. കരാർ കമ്പനിയുടെ സാമ്പത്തിക, മാനേജ്‌മെന്റ് തല പ്രശ്നങ്ങളും പ്രവൃത്തികളെ ബാധിച്ചുവെന്നാണ് സൂചന. നിശ്ചിത സമയത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരെ മാറ്റാനുള്ള അധികാരം ദേശീയപാതാ അതോറിറ്റിക്കുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ബന്ധപ്പെട്ടവർ കരാർ കമ്പനിയെ അറിയിക്കുകയും ഇവരെ മാറ്റിനിർത്താനുള്ള തീരുമാനത്തിന്റെ വക്കിലെത്തുകയും ചെയ്തു എന്നാണ് വിവരം. എന്നാൽ, ഇത്തരത്തിൽ നിർമാണ കമ്പനിയെ മാറ്റിയാൽ റീ-ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരും. ഇത് പദ്ധതിനടത്തിപ്പ് അനിശ്ചിതമായി നീട്ടുകയും ചെയ്യും.
നിലവിൽ മഹാരാഷ്ട്ര ആസ്ഥാനമായ മറ്റൊരു കമ്പനി ഉപകരാർ എടുത്തിരിക്കുകയാണ്. എന്നാൽ, ബില്ല് ഉൾപ്പെടെ മാറുക ആദ്യം പ്രവൃത്തിയേറ്റെടുത്ത ആർ.ഡി.എസിന്റെ പേരിൽത്തന്നെയാകും. അടുത്ത വർഷം മേയിൽ പദ്ധതി പൂർത്തിയാകുമെന്നാണ് ദേശീയപാതാ അതോറിറ്റി ഇപ്പോൾ പറയുന്നത്.
2022 ജൂലായിൽ തുടങ്ങിയ നിർമാണം 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 4.1 കിലോമീറ്റർ പൂർത്തിയായി. അടുത്ത സാമ്പത്തികവർഷം 10.5 കിലോമീറ്റർ ലക്ഷ്യമിട്ടെങ്കിലും നിർമിക്കാനായത് വെറും 0.5 കിലോമീറ്റർ. നടപ്പുവർഷത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവിൽ 40 ശതമാനം ലക്ഷ്യം കൈവരിച്ചുവെന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്.
പത്തിലധികം അടിപ്പാതകളും മാമം, വാമനപുരം ആറ് എന്നവയ്ക്കു കുറുകേ പാലങ്ങളും പദ്ധതിയിലുണ്ട്. ഇവയിൽ പലതിന്റെയും തൂണുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ജോലികൾ ചെയ്തിട്ടില്ല. പലയിടത്തും തൂണുകളിൽ പുല്ലുപിടിച്ചു കിടക്കുകയാണ്.
ഇപ്പോഴും പാത തുടങ്ങുന്ന കഴക്കൂട്ടം വെട്ടുറോഡ്, ആറ്റിങ്ങൽ ബൈപ്പാസിന് തുടക്കമാകുന്ന മാമം ഭാഗങ്ങളിൽ നിർമാണം നടക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന ഇടങ്ങളിൽ ഈ വേഗത കാണാനില്ല. പ്രധാന പാതയുടെ ഇരുവശത്തുമായി ഏഴര മീറ്റർ വീതിയിൽ നിർമിക്കുന്ന സർവീസ് റോഡുകൾ ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. സർവീസ് റോഡിനെയും പ്രധാന പാതയെയും വേർതിരിക്കുന്ന പത്തടിയോളം ഉയരമുള്ള കോൺക്രീറ്റ് ഭിത്തികളുടെ നിർമാണവും മന്ദഗതിയിലാണ്.
പാതനിർമാണം അനന്തമായി നീളുന്നത് യാത്രക്കാരെയും പ്രദേശത്തെ താമസക്കാരെയും രൂക്ഷമായി ബാധിക്കുകയാണ്. മഴസമയത്ത് റോഡിനിരുവശവും വെള്ളം കെട്ടി സമീപത്തെ വീടുകളിലേക്കുൾപ്പെടെ കയറുന്നതു പതിവാണ്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദേശീയപാതാനിർമാണം സമയബന്ധിതമായി നടക്കാത്ത വിഷയം പാർലമെന്റിലടക്കം ഉന്നയിച്ചിട്ടുണ്ട്.