വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് പോലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടുമാണ് അഫാൻ വെളിപ്പെടുത്തൽ നടത്തിയത്. 5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നൽകിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാൻ പറഞ്ഞു. ഇയാൾക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേർത്തു.

അതേസമയം, കുടുംബത്തിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല എന്ന് അഫാന്‍റെ പിതാവ് അബ്ദുൽ റഹീം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നും അബ്ദുൽ റഹീം പറഞ്ഞു. ഭാര്യ ഷെമിയുമായി സംസാരിച്ചു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്, എന്നാൽ എന്താണ് വീട്ടിൽ സംഭവിച്ചത് എന്ന കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാധ്യത തീർക്കാൻ നാട്ടിൽ നിന്ന് പണം അയച്ചു തന്നിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും അബ്ദുൽ റഹീം പ്രതികരിച്ചു.നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതയാണ് കൂട്ടകുരുതിയിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രതി അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസിന്റെ നിഗമനം. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് തള്ളുകയാണ് അഫാന്റെ പിതാവ് അബ്ദുൽ റഹീം. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യത തനിക്കുണ്ടെന്ന് അബ്ദുൾ റഹിം പോലീസിന് നൽകിയ മൊഴിയിലുണ്ട്. എന്നാൽ ഇത് കുടുംബത്തെ അറിയിച്ചിരുന്നില്ല.

അതേസമയം, മകൻ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ ഉമ്മ ഷമീനയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു. ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമീയിൽ നിന്ന് ഉടൻ മൊഴി എടുക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.