ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. 'സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്ന പോസ്റ്റും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാൻ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്.
ഇന്ന് രാവിലെ ആറ് മണിക്കാണ് എമ്പുരാൻ സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിച്ചത്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും എമ്പുരാൻ തരംഗമാണ് ഉണ്ടാക്കിയത്. അടുത്ത ദിവസങ്ങളിലായി സിനിമയുടെ നിരവധി ഷോകളാണ് തിയേറ്ററുകളിൽ ബുക്ക് ആയിരിക്കുന്നത്. അതിനിടയിലാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.