യാത്രക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത; ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍

ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.

ചോറ്റാനിക്കര മകം തൊഴല്‍ തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.


അതേസമയം ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക‍ഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്തുമെന്നാണ് കണക്ക് കൂട്ടൽ. തിരക്ക് കണക്കിലെടുത്ത് ഇത്തവണ പൊങ്കാല ഡ്യൂട്ടിക്കുള്ള വനിതാ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഫയർ വുമണും ഇത്തവണത്തെ പൊങ്കാലയ്ക്ക് സുരക്ഷ ഒരുക്കും. ഇതിന് പുറമെ, റവന്യൂ, ജല അതോറിറ്റി, ആരോഗ്യം, എന്നീ വകുപ്പുകളും കെഎസ്ആർടിസിയും റെയിൽവേയും ഉത്സവവുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. പൊങ്കാലയടുപ്പു കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.

ഗതാഗത ക്രമീകരണം
ആറ്റിങ്ങൽ ഭാഗത്തു നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം – പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം – വിഴിഞ്ഞം -എൻഎച്ച് ബൈപാസ് വഴിയും പോകണം.