തിരുവനന്തപുരം താലൂക്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം : വലിയതുറ സപ്ലൈകോ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളുടെ മർദനത്തിൽ മൂന്നു ജീവനക്കാർക്കു പരിക്ക്. വലിയതുറ ഡിപ്പോ മാനേജർ ബിജു, ഡിപ്പോ ജീവനക്കാരനായ സന്തോഷ്, പോത്തൻകോട് സപ്ലൈകോ സൂപ്പർമാർക്കറ്റ് മാനേജർ വിഷ്ണുപ്രസാദ് എന്നിവർക്കാണ് മർദനമേറ്റത്.

മർദനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്കിലെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളും പെട്രോൾ പമ്പുകളും മെഡിക്കൽ സ്റ്റോറുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കെ. രമേശ്(എഐടിയുസി), എം. ബിനുകുമാർ(സിഐടിയു), പ്രദീപ് കുമാർ(ഐഎൻടിയുസി) എന്നിവർ അറിയിച്ചു.

അഞ്ച് കയറ്റിറക്ക് തൊഴിലാളികൾക്കെതിരേ സപ്ലൈകോ നൽകിയ പരാതിയിൽ വലിയതുറ പോലീസ് കേസെടുത്തിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എസ്ഡിടിയു എന്നീ സംഘടനകളിലെ അഞ്ചു തൊഴിലാളികളാണ് ജീവനക്കാരെ ആക്രമിച്ചതെന്ന് സപ്ലൈകോ ജീവനക്കാർ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പോത്തൻകോട് സൂപ്പർമാർക്കറ്റിലെ ബ്രാഞ്ച് മാനേജരായിരുന്ന വിഷ്ണു കേടായ സാധനങ്ങൾ തിരിച്ചെത്തിക്കാനെത്തിയതായിരുന്നു. 20 കിലോയോളം ശർക്കരയും കുറച്ച് വെളിച്ചെണ്ണ കവറുകളുമാണ് ഉണ്ടായിരുന്നത്. കാറിൽ കൊണ്ടുവന്ന സാധനത്തിനു സാധാരണ ഇറക്കുകൂലി നൽകാമെന്നു പറഞ്ഞിട്ടും തൊഴിലാളികൾ തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് വാക്കുതർക്കമുണ്ടായി. മടങ്ങിപ്പോകാനായി കാറിൽ കയറിയ വിഷ്ണുവിനെ അഞ്ചുപേർ പിന്നാലെയെത്തി മർദിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയപ്പോഴാണ് ബിജുവിനും സന്തോഷിനും മർദനമേറ്റത്.

തൊഴിൽവകുപ്പിന്റെ കാർഡില്ലാതെ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കെതിരേ ഡിപ്പോ മാനേജരായിരുന്ന ബിജു ഒരു മാസം മുൻപ്‌ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധമാണ് മർദനത്തിനു പിന്നിലെന്നാണ് ആരോപണം.

ഗോഡൗണിലെത്തുന്ന സാധനങ്ങൾ ഇറക്കാൻ സപ്ലൈകോ പണം നൽകിയാലും കരാറുകാരിൽനിന്നു തൊഴിലാളികൾ ഭീഷണിപ്പെടുത്തി പണം വാങ്ങാറുണ്ടെന്ന് പരാതിയുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാധനങ്ങളുടെ രൂക്ഷമായ ക്ഷാമമുള്ളപ്പോഴും കയറ്റിറക്ക് തൊഴിലാളികളുടെ ഭീഷണികാരണം സാധനങ്ങൾ ഇറക്കാതെ വാഹനങ്ങൾ തിരികെപ്പോകുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ സബ്‌സിഡി അരിയും വെളിച്ചെണ്ണയുമായെത്തിയ വാഹനങ്ങൾ അധിക നിരക്ക് ആവശ്യപ്പെട്ടതിനെത്തുടർന്ന് തിരികെപ്പോയതായും ജീവനക്കാർ പറയുന്നു.