റെയിൽവേ എൻജിനിയറിംഗ് ജോലികൾക്കായി അടച്ചിട്ടിരുന്ന വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി

വർക്കല: റെയിൽവേ എൻജിനിയറിംഗ് ജോലികൾക്കായി അടച്ചിട്ടിരുന്ന വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് പണി തീരാതെ തുറന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് റെയിൽവെ ഗേറ്റ് അടച്ചത്. മൂന്ന് ദിവസം കൊണ്ട് ജോലികൾ പൂർത്തീകരിക്കുമെന്നുള്ള അറിയിപ്പും അധികൃതർ നൽകിയിരുന്നു. എന്നാൽ എൻജിനിയറിംഗ് ജോലിക്കായി എത്തിച്ച ജെ.സി.ബി തകരാറിലായതും ലേബർ പ്രശ്നങ്ങളും കാരണം അറ്റകുറ്റപ്പണികൾ വീണ്ടും നീണ്ടു. ഗേറ്റ് അടച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. യാത്രക്ളേശം രൂക്ഷമായതോടെ കേരളകൗമുദി വാർത്തയെ തുടർന്ന് ഗേറ്റ് തുറക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ രാത്രിയിൽ പൂർത്തിയാക്കാനുള്ള ധാരണയും കരാറുകാരുമായി ഉണ്ടായിരുന്നുവെന്നും എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഗേറ്റിന്റെ ഭാഗത്തെ പണി പൂർത്തീകരിക്കാൻ കരാറുകാരൻ തയ്യാറായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗേറ്റിന്റെ ഭാഗത്തുള്ള മെറ്റലുകൾ ഇളക്കിയിട്ട നിലയിലാണ്. വാഹനങ്ങൾ കടന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതോടൊപ്പം ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപേർ നിത്യേന അപകടത്തിൽപ്പെടുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നത് വ്യപാരികളും നാട്ടുകാരും ചേർന്നാണ്.

ഒറ്റ രാത്രിയിൽ തീർക്കേണ്ട പണി ആഴ്ചകൾ പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിൽ റെയിൽവേ അനാസ്ഥയിലുണ്ടാകുന്ന യാത്ര ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായികളും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്. പൊതുവിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. അധികൃതർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിട്ടും മെല്ലെപ്പോക്ക് നയം ജനജീവിതത്തെ ബാധിക്കുന്നതാണ്.

വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ഗേറ്റും നിലവിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. പുന്നമൂട് ഗേറ്റ് അടഞ്ഞു കിടക്കുന്ന സാഹചര്യങ്ങളിൽ യാത്രക്കാർ ഇതുവഴി കടന്നാണ് പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്നത്. ഈ ഗേറ്റും അടഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമായി.