ആറ്റിങ്ങൽ: പട്ടണത്തിൽ നിരവധി തവണ ട്രാഫിക് പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ എവിടെ പാർക്കുചെയ്യുമെന്നതിന് ഇപ്പോഴും ഉത്തരമില്ല. മിനി സിവിൽ സ്റ്റേഷൻ, കോർട്ട് കോംപ്ലക്സ്, പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, നൂറുകണക്കിന് അഭിഭാഷകരുടെ ഓഫീസ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിറഞ്ഞതാണ് ആറ്റിങ്ങൽ പട്ടണം. ഇവിടങ്ങളിലെല്ലാമെത്തുന്ന ആയിരക്കണക്കിന് ആളുകൾ വാഹനങ്ങൾ എവിടെ പാർക്കു ചെയ്യുമെന്ന ആശങ്കയിലാണ്. വൻകിട വ്യാപാരസ്ഥാപനങ്ങൾ ഒഴിച്ചാൽ ബാക്കിയൊന്നിനും പാർക്കിംഗ് സൗകര്യങ്ങൾ ഇല്ല. മിനിസിവിൽ സ്റ്റേഷൻ മുതൽ കോർട്ട് കോംപ്ലക്സുവരെ റോഡിന്റെ ഒരു വശം ബൈക്കുകളുടെ നീണ്ട നിരകാണാം.
ടി.ബി ജംഗ്ഷൻ മുതൽ മൂന്ന്മുക്ക് വരെ 3 കിലോമീറ്റർ വരെയുള്ള പട്ടണത്തിലെ പാർക്കിംഗ് ഇന്ന് അസാദ്ധ്യമാണ്. വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലുമെത്തുന്നവർ വാഹന പാർക്കിംഗ് എവിടെ എന്ന് ചോദിച്ചാൽ മറുപടിയില്ല. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഓഫീസുകളിൽ കയറി തിരിച്ചുവരുമ്പോൾ വാഹനത്തിന് പെറ്റിയടിച്ചെന്ന മെസേജും ഫോണിലെത്തും.
ജില്ലയിൽ ഏറ്റവും കൂടുതൽ സമന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ ആറ്റിങ്ങൽ ഗവ. കോളേജ്,ഹയർ സെക്കൻഡറി സ്കൂൾ, ആശുപത്രി,കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ എന്നിവ ഉൾപ്പെട്ട കിഴക്കേ നാലുമുക്കിൽ തിരക്കേറിയ സമയത്ത് കാൽനടയാത്ര പോലും ദുസ്സഹമായി.
പാലസ് റോഡിലും അയിലം റോഡിലും ഹംബുകളുണ്ടെങ്കിലും അതും തിരിച്ചറിയാൻ കഴിയില്ല. കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേ നാലുമുക്ക് വരെയുള്ള തിരക്കേറിയ ഭാഗങ്ങളിൽ ഒരു ഡസനോളം സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനമുണ്ടെങ്കിലും ഒരിടത്തും സീബ്രാ ലൈനില്ല. നിലവിൽ സ്ഥിരം യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പഴയ ലക്ഷ്യംവച്ച് കഴിയുമെങ്കിലും പുതുതായി വരുന്നവർ പെട്ടതുതന്നെ.