എത്ര പരാതിപ്പെട്ടിട്ടും കെ.എസ്.ആർ.ടി.സി. കിളിമാനൂർ ഡിപ്പോയിലെ ദുരവസ്ഥയ്ക്ക് മാറ്റമില്ല.

കിളിമാനൂർ : എത്ര പരാതിപ്പെട്ടിട്ടും കെ.എസ്.ആർ.ടി.സി. കിളിമാനൂർ ഡിപ്പോയിലെ ദുരവസ്ഥയ്ക്ക് മാറ്റമില്ല. തകർന്നടിഞ്ഞ യാർഡ് നന്നാക്കാത്തതുമൂലം ഡിപ്പോയിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിർത്തിവെച്ചു. ഇപ്പോൾ റോഡിൽ നിർത്തിയാണ് ആളെ ഇറക്കുന്നതും കയറ്റുന്നതും.

ഡിപ്പോയിലെ ബസുകൾ മാത്രമാണ് തിരിച്ചിറങ്ങാനുള്ള സ്ഥലത്തുകൂടി ഡിപ്പോയിലേക്ക് കയറുന്നതും ഇറങ്ങുന്നതും. വെയിലത്ത് യാത്രക്കാർ റോഡിൽ കാത്തുനിന്നാലാണ്‌ ബസിൽ കയറാനാവുക. ഈനില തുടർന്നാൽ പെരുമഴയായാലും ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല.

ബസുകളുടെ ടയർ, പ്ലേറ്റ്, മറ്റ് സ്പെയർ പാർട്സുകൾ എന്നിവ അടിക്കടി നശിക്കാൻ തുടങ്ങിയതും, യാർഡ് തകർന്ന ഡിപ്പോയിൽ ബസുകൾ കയറുമ്പോൾ നടുവൊടിക്കുംവിധമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരാതിയായി ഉയർന്നതോടെയാണ് ബസ് ഡിപ്പോയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന നിർദേശം അനൗദ്യോഗികമായി വാട്‌സാപ്പ് വഴി ചീഫ് ഓഫീസിൽനിന്ന് നൽകിയത്.

2020-ൽ 18.47 ലക്ഷം ചെലവിട്ട് നിർമാണം തുടങ്ങിയ ശൗചാലയക്കെട്ടിടം ഇനിയും തുറന്നുനൽകിയിട്ടില്ല. കെട്ടിടനിർമാണം മൂന്നുവർഷം മുൻപ് പൂർത്തിയായെങ്കിലും വൈദ്യുതീകരണം തുടങ്ങിയവയിൽ കാലതാമസമുണ്ടായി. വൈദുതി കണക്ഷൻ കിട്ടാൻ വൈദ്യുതത്തൂൺ ആവശ്യമായി വന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭ്യമല്ലാത്തതിനാൽ കണക്ഷൻ ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച്‌ മാതൃഭൂമി പലവട്ടം വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ഭരണസമിതി പോസ്റ്റ് ഇടുന്നതിനുള്ള പണം പഞ്ചായത്തുഫണ്ടിൽനിന്ന് അനുവദിക്കാൻ തീരുമാനിച്ചു. നിലവിൽ തൂൺ സ്ഥാപിച്ച് കണക്ഷൻ നൽകിയിട്ടും ശൗചാലയം ഇനിയും തുറന്നുനൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

സർവീസുകളുടെ കാര്യം അതിലേറെ കഷ്ടമാണ്. വെഞ്ഞാറമൂട്, ചടയമംഗലം ഡിപ്പോകൾ ആരംഭിച്ചപ്പോൾ ഇവിടെനിന്ന് ഏതാനും ബസ് കൈമാറിയിരുന്നു. എന്നിട്ടും 104 ബസ് വരെ ഉണ്ടായിരുന്നത് ഇന്ന് 52 എണ്ണമായി കുറഞ്ഞു. മികച്ചനിലയിൽ കളക്ഷൻ ഉണ്ടായിരുന്ന ചെയിൻ സർവീസുകൾ ഒന്നൊഴികെ എല്ലാം നിർത്തി.

ആയൂർ- നെടുമങ്ങാട് മാത്രമാണ് നിലവിലുള്ളത്. പള്ളിക്കൽ മേഖലയിലേക്ക് മികച്ചനിലയിൽ ഉണ്ടായിരുന്ന സർവീസുകളെല്ലാം നിർത്തി. രണ്ട് ബസ് മാത്രമാണ് രാവിലെ ഈ ഭാഗത്തേക്കുള്ളത്. പള്ളിക്കൽ പോയ ശേഷം സെക്രട്ടേറിയറ്റിലേക്കുള്ള ഒരു ഫാസ്റ്റും, പിന്നെ ഒരു ഓർഡിനറിയും. പകൽക്കുറി ക്ഷേത്രം-പരപ്പിൽ സ്റ്റേ സർവീസ്, വർക്കല-പാലോട് ചെയിൻ അടക്കം നിരവധി ബസുകൾ പള്ളിക്കലിലേക്ക് ഉണ്ടായിരുന്നത് ഒന്നുപോലും ഇന്നില്ല.

മുൻപ് രാത്രികാലങ്ങളിൽ കിളിമാനൂരിലെത്തിയാൽ 10 മണി വരെ കെ.എസ്.ആർ.ടി.സി. ഉറപ്പായിരുന്നു. എന്നാൽ, ഇന്ന് വാടകവണ്ടി വിളിച്ച് വീട്ടിൽ പോകേണ്ട സാഹചര്യമാണ്. രാത്രിയിൽ ആറ്റിങ്ങൽ ഭാഗത്തേക്ക്‌ ഉണ്ടായിരുന്ന വണ്ടികളും നിർത്തിയിരുന്നു. ആറ്റിങ്ങൽ ഡിപ്പോയിൽനിന്നുള്ള തെങ്കാശി സർവീസ് തിരികെ രാത്രി 9.30-ന് കിളിമാനൂരെത്തുന്നതാണ് ഇപ്പോൾ ഒരാശ്വാസമായി ഉള്ളത്.

യാർഡ് നവീകരിക്കാൻ ഫണ്ടുകൾ അനുവദിച്ചതായും, ലക്ഷങ്ങളുടെ വികസനം ദാ വരുന്നുവെന്നുമൊക്കെ ബോർഡുകൾ ഇടയ്ക്കിടെ ഉയരുമെങ്കിലും ഓരോ ദിവസവും നിലവാരവും, യാത്രക്കാർക്ക് അവകാശമായ സൗകര്യങ്ങളും കിളിമാനൂർ ഡിപ്പോയിൽനിന്ന് നഷ്ടമാകുന്നതാണ് കാണാൻ കഴിയുന്നത്.സർവീസുകൾ പകുതിയായി
തകർന്ന യാർഡുമൂലം ബസുകൾ ഡിപ്പോയിൽ കയറാതായി