റോയലാകാതെ രാജസ്ഥാൻ; കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തിലും രാജസ്ഥാൻ റോയൽസിന് പരാജയം. എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. ടോസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത്.

67/1 എന്ന ഭദ്രമായ നിലയിലായിരുന്ന ടീമിന് 18 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. ധ്രുവ് ജുറേൽ – ശുഭം ദുബേ കൂട്ടുക്കെട്ട് നേടിയ 28 റൺസാണ് രാജസ്ഥാനെ തിരികെ മത്സരത്തിലേക്ക് അല്പമെങ്കിലും അടുപ്പിച്ചത്. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനെ രാജസ്ഥാന് സാധിച്ചുള്ളൂ.
രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം കോൽക്കത്ത 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്വിന്റൺ ഡി കോക്ക് പുറത്താകാതെ 97 റൺസ് നേടി. രഹാനെ 18 റൺസും, അംഗ്കൃഷ് രഘുവംശി 17 പന്തിൽ നിന്ന് പുറത്താകാതെ 22 റൺസും നേടി.

രാജസ്ഥാന് വേണ്ടി വനിന്‍ഡു ഹസരംഗ ഒരു വിക്കറ്റ് നേടി, മോയിൻ അലി റണൗട്ട് ആകുകയായിരുന്നു. തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് രാജസ്ഥാൻ.