തിരുവനന്തപുരം : മലയാളത്തിലെ ഇന്ത്യൻ പാൻ ചിത്രം എമ്പുരാൻ ഏറ്റെടുത്ത് സിനിമാപ്രേമികൾ. കേരളത്തിൽ മാത്രം എഴുന്നൂറ്റമ്പതോളം തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു. വ്യാഴം രാവിലെ ആറിനായിരുന്നു ആദ്യ പ്രദർശനം. ബുധൻ രാത്രിതന്നെ മോഹൻലാലിന്റെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. മലയാള സിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ' തകർത്തു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ചിത്രം ആദ്യദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. 60 കോടിയിലേറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചതായാണ് വിവരം.
ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്, നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാരനിരയും ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് എത്തി. കൊച്ചിയിലെ കവിത തിയറ്ററിലാണ് പൃഥിരാജ്, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയവരും ആദ്യഷോ കാണാനെത്തിയത്. സംവിധായകൻ എന്ന നിലയിൽ വൻ കൈയടിയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതായാണ് റിപ്പോർട്ട്. ഓൺലൈനിൽ പ്രചരിച്ച ചിത്രത്തിന്റെ ഭാഗങ്ങൾ സൈബർ പൊലീസ് നീക്കം ചെയ്‌തു.