തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു; ആക്രമിച്ചത് കഞ്ചാവ് കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുരയിൽ പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി. എസ്‌ഐ സുധീഷിന് കുത്തേറ്റു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. എസ്ഐയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിന് നേരെ തിരിഞ്ഞത്. അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. എസ്ഐ സുധീഷിന്റെ വയറ്റിൽ കുത്താനാണ് പ്രതി ശ്രമിച്ചത്. തടയുന്നതിനിടെ കയ്യിൽ പരുക്കേൽക്കുകയായിരുന്നു.കാപ്പ കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്
പ്രതി പൊലീസിനെ ആക്രമിച്ചത് എന്നാണ് എഫ്‌ഐആര്‍.